പഞ്ചായത്തിന്‍റെ ഭൂമിശാസ്ത്രം
കിഴക്ക് വയലാര്‍ കായലും, തെക്ക് കുറിയമുട്ടം കായലും അതിനോടു ചേര്‍ന്നുള്ള വെളുത്തേടത്തുതോടും പടിഞ്ഞാറ് നാഷണല്‍ ഹൈവേയും വടക്ക് കാവില്‍പള്ളി തോടും ചേര്‍ന്ന പ്രദേശം അതിരിടുന്നതാണ് വയലാര്‍ ഗ്രാമപഞ്ചായത്ത്. 14.5 ച.കി.മീ. വിസ്തൃതിയാണ് ഈ പഞ്ചായത്തിന്. നിലം, പുരയിടം, പുറംമ്പോക്ക്, കൃഷിയോഗ്യമായത്, യോഗ്യമല്ലാത്തത്, കായല്‍, തോട് എന്നിവ ഉള്‍പ്പെടുന്ന ഭാഗമാണ് ഇത്. നെല്ല്, തെങ്ങ്, പച്ചക്കറികള്‍, മരച്ചീനി, കുരുമുളക്, വാഴ, മാവ്, പ്ലാവ്, കശുമാവ്, കമുക് എന്നീ കരകൃഷിയും ചെമ്മീന്‍, മറ്റു മത്സ്യങ്ങള്‍ എന്നീ കായല്‍ കൃഷിയും സമ്മിശ്രമാണ് പഞ്ചായത്തിലേത്. ഏതാണ്ട് ഒരേനിരപ്പുള്ള ഭൂമി പൊതുവേ മണല്‍ മണ്ണിനാല്‍ ആവരണം ചെയ്യപ്പെട്ടതാണ്. എന്നാല്‍ ചാത്തന്‍ചിറ, പുല്ലന്‍ചിറ, പ്ലാശ്ശേരിച്ചിറ, കുണ്ടത്തിക്കടവ്, നാഗംകുളങ്ങര, കേളമംഗലം, എട്ടുപുരക്കല്‍, കുട്ടംചാല്‍ മുതലായ കായലോരപ്രദേശങ്ങളില്‍ ഭാഗികമായി ചെളിമയമുള്ള മണല്‍ മണ്ണ് കാണുന്നു. ജലാശയങ്ങളുമായി കൂടുതല്‍ ബന്ധമില്ലാത്ത പഞ്ചായത്തിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗം പൊതുവേ ഫലഭൂയിഷ്ഠമല്ലാത്ത മണല്മപണ്ണ് നിറഞ്ഞതാണ്. നീര്‍വാഴ്ച കിഴക്കന്‍ ഭാഗങ്ങളേക്കാള്‍ വളരെ കൂടുതലാണിവിടെ. വയലാര്‍ കായലുമായി ബന്ധപ്പെട്ടു കിഴക്കുപടിഞ്ഞാറ് ഒഴുകുന്ന വെളുത്തേടത്തു തോട്, പുത്തന്‍തോട്, വേലപ്പന്‍തോട് എന്നിവയും തെക്ക് വടക്കായി പുല്ലന്‍ചിറ, ചാത്തന്‍ചിറ,പ്ലാശ്ശേരിച്ചിറ തോടും കണ്ണേകാട്ട് തോടും ഒഴുകുന്നു. പഞ്ചായത്തിന്‍റെ വടക്കുപടിഞ്ഞാറന്‍ മേഖലകളെ ചുറ്റി പൊന്നാംവെളി, കുട്ടംചാല്‍, മാലിത്തോട് ഇവകള്‍ ഒഴുകുന്നു. പ്രസ്തുത തോടുകളെല്ലാം കായലും കടലുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല്വേപലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നു. തന്മൂലം ഉപ്പുനിറഞ്ഞതാണ് അവിടത്തെ ജലം. പഞ്ചായത്തിലെ പ്രധാന കൃഷികള്‍ തെങ്ങും നെല്ലും ആയിരുന്നു.