ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഭാരതീയ സംസ്കൃതിയിലെ മലയാള തനിമ ഏറെ സമന്വയിക്കപ്പെട്ടിട്ടുള്ള ഗ്രാമമാണ് വയലാര്‍. ചേര്‍ത്തല നഗരാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഈ ഗ്രാമത്തില്‍നാഗരികതയുടെ പ്രസരിപ്പും ഗ്രാമീണതയുടെ മഹിമയും ഒരുപോലെ നിറഞ്ഞു നില്ക്കുന്നു. പടിഞ്ഞാറെന്‍ അതിര്‍ത്തി ദേശീയപാതയില്‍ നിന്നും തുടങ്ങി കിഴക്ക് കായല്‍ത്തീരത്ത് ചെന്നെത്തുന്ന വയലാറിന്‍റെ ഭൂപ്രകൃതി വൈവിധ്യമാര്‍ന്നതാണ്. നിലവും പുരയിടവും കായലും തോടും ഇടകലര്‍ന്നിട്ടുള്ള വയലാര്‍ മണ്ണില്‍ ഇന്നും കാത്തു സൂക്ഷിക്കപ്പെടുന്ന കാവും മനയും പാരമ്പര്യത്തിന്‍റെ തനിമ വിളിച്ചോതുന്നു. കേരളീയ സാംസ്കാരിക നവോത്ഥാനത്തിന്‍റെ കുലപതിയായ ശ്രീനാരായണ ഗുരുദേവന്‍റെ പാദസ്പര്‍ശനമേറ്റ കളവംകോടം ശ്രീ ശക്തീശ്വര ക്ഷേത്രം വയലാറിന്‍റെ ഹൃദയഭൂമിയാണ്. അനശ്വരകവി വയലാര്‍രാമവര്‍മ്മയുടെ ജന്മഗൃഹം വയലാറാണ്. അദ്ദേഹത്തിന്റെ വരികളിലൂടെ വയലാറിന്‍റെ ഗ്രാമഭംഗി ലോകമെമ്പാടുമുള്ള ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി. ഇന്ത്യന്സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന ഏടായ പുന്നപ്ര-വയലാര്‍ സമര ചരിത്രം വയലാറിനെ വിപ്ലവ ഭൂമിയാക്കി മാറ്റി. കഥകളും ചരിത്രവും ഊടുംഭാവും ഒരുക്കിയ വയലാര്‍ എന്ന ഗ്രാമീണ വിശുദ്ധിയുടെ നിറവാണ് തിരുനാഗംകുളങ്ങര ക്ഷേത്രം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഗാരാധനാ കേന്ദ്രമാണിത്. കൃഷിയോടൊപ്പം കയര്‍വ്യവസായവും വയലാറിന്‍റെ പ്രധാന സാമ്പത്തിക സ്രോതസ്സായി മാറി. കയര്കര്ഷക തൊഴിലാളികള്‍നിലനില്‍പ്പിനു വേണ്ടിയും അവകാശങ്ങള്‍ക്കു വേണ്ടിയും നടത്തിയിട്ടുള്ള സമര ചരിത്രങ്ങള്‍ എന്നും വയലാറിന്‍റെ പ്രത്യേകതകളായി മാറിയിട്ടുണ്ട്